ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചുംബനസമര നേതാക്കളടക്കം എട്ടു പേരെ പോലീസ് അറസ്റ് ചെയ്തു. ചുംബനസമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും അടക്കമുള്ളവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഗുണ്ടാത്തലവന്‍ അക്ബറും അറസ്‌റ്റിലായിട്ടുണ്ട്.
നെടുമ്പാശേരിയിലെ രാഹുലിന്റെ ഫ്ലാറ്റില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്‌ഡിന് എത്തുകയായിരുന്നു. പൊലീസ് സാനിധ്യം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാവരെയും പൊലീസ് പിടികൂടുകയായിരുന്നു. റെയ്ഡിനെത്തിയ സംഘത്തെ നെടുമ്പാശേരിയില്‍ വച്ച് വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നതായും വിവരങ്ങളുണ്ട്. തിരുവനന്തപുരം ആന്റ് പൈറസി സെല്ലിന്റെയും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗിന് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഫേസസ്‌ബുക്ക് വഴിയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കൊച്ചു സുന്ദരികള്‍ എന്ന പേജ് ഉപയോഗിച്ചായിരുന്നു ഇവര്‍ ആളുകളെ വലയിലാക്കിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത അന്യസംസ്ഥാന പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ പെണ്‍വാണിഭം നടത്തുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.