നൂറ് കോടി ക്ലബ് കടന്ന് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും; സര്‍ക്കാരിന്റെ ഓണം വിപണി ഇടപെടല്‍ സൂപ്പര്‍ഹിറ്റ്

Nelvin Gok
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (11:52 IST)
Supplyco, Consumerfed - Onam Fair 2024

Nelvin Gok / nelvin.wilson@webdunia.net 
സാധാരണക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണം വിപണി ഇടപെടല്‍. ഓണമാകുമ്പോള്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടുന്ന പതിവ് ഇത്തവണയുണ്ടായില്ല. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി അത്ര ക്രിയാത്മകമായ ഇടപെടലാണ് സര്‍ക്കാര്‍ ഇത്തവണ നടത്തിയത്. സപ്ലൈകോയില്‍ മാത്രം ഏകദേശം 120 കോടി രൂപയുടെ വില്‍പ്പനയാണ് ഇത്തവണ ഉണ്ടായത്. ഈ ഓണക്കാലത്ത് 40 ലക്ഷത്തോളം ആളുകള്‍ സപ്ലൈകോയെ ആശ്രയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 
 
14 ജില്ലകളിലെ ഓണച്ചന്തകളില്‍ മാത്രമായി 4.5 കോടിയുടെ വില്‍പ്പന നടന്നിട്ടുണ്ട്. സപ്ലൈകോയുടെ 1600 ല്‍ പരം ഔട്ട്‌ലെറ്റുകളിലായാണ് 120 കോടിയുടെ വില്‍പ്പന നടന്നത്. ഇത്തവണ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലും ഫെയറുകളിലും ആവശ്യത്തിനു സാധനങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ അവശ്യ സാധനങ്ങളുടെ അപര്യാപ്തത ഉണ്ടായിരുന്നു. ഇത്തവണ കൃത്യമായ ഇടപെടലിലൂടെ അത് പരിഹരിക്കാനും സപ്ലൈകോയ്ക്കു സാധിച്ചു. 
 
ജില്ലാ മേളകളില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. 68 ലക്ഷം രൂപയുടെ വില്‍പ്പനയാണ്  തിരുവനന്തപുരത്ത് സെപ്റ്റംബര്‍ അഞ്ച് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായി നടന്നത്. തൃശൂരില്‍ 42 ലക്ഷം, കൊല്ലം 40 ലക്ഷം എന്നിങ്ങനെ വില്‍പ്പന നടന്നു. ഉത്രാടത്തിന്റെ തലേന്ന് (സെപ്റ്റംബര്‍ 13) ഏകദേശം 16 കോടിക്ക് അടുത്ത് വില്‍പ്പനയാണ് സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ മാത്രമായി നടന്നത്. 
 
ഓണവിപണിയില്‍ 125 കോടിയുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് വഴി ഇത്തവണ നടന്നത്. സഹകരണ സംഘങ്ങള്‍ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും ആണ് ഈ ചരിത്രനേട്ടം. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് ചന്തകള്‍ പ്രധാന പങ്കുവഹിച്ചതായി ചെയര്‍മാന്‍ എം.മെഹബൂബ് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡില്‍ 60 കോടി രൂപയുടെ സബ്‌സിഡി, 65 കോടി രൂപയുടെ സബ്‌സിഡി ഇതര സാധനങ്ങളാണ് ഒരാഴ്ചയ്ക്കകം വിറ്റുതീര്‍ന്നത്. 

സഹകരണ മേഖലയില്‍ നിന്നുള്ള വെള്ളിച്ചെണ്ണയ്ക്ക് ഇത്തവണ വന്‍ ഡിമാന്‍ഡ് ആണ് ഉണ്ടായിരുന്നത്. 8,30,13,241 രൂപയുടെ വെളിച്ചെണ്ണയാണ് സഹകരണ മേഖലയില്‍ നിന്ന് വിറ്റുപോയിരിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യ വില്‍പ്പന ശാലകളില്‍ 19.95 കോടിയുടെ വില്‍പ്പന നടന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article