വ്യത്യസ്ഥതരം ഓണക്കളികള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ഓഗസ്റ്റ് 2022 (15:53 IST)
ഓണം കളികളില്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവയില്‍ ഒന്നാണ് പുലിക്കളി. നാലാമോണത്തിലാണ് പുലിക്കളി നടക്കാറുള്ളത്. തൃശൂരിന്റെ പുലിക്കളിയാണ് ഏറ്റവും പ്രശസ്തമെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും പുലിക്കളി അരങ്ങേറാറുണ്ട്. പുലിയുടെ വേഷവും ചായവും പുരട്ടി നിശ്ചിത താളമില്ലാതെ നൃത്തം ചവിട്ടുകയും കോമാളിക്കളികള്‍ കളിക്കുകയും ചെയ്യുന്നതാണ് ഈ വിനോദം. കരടിക്കെട്ട് എന്ന ആണ്‍ കലാരൂപവും ഓണത്തിനോടനുബന്ധിച്ച് നടക്കാറുള്ളതാണ്. ചെറുപ്പക്കാര്‍ കരടിയുടെ രൂപം കെട്ടി നടക്കുന്ന വിനോദമാണ് ഇത്.
 
കുമ്മാട്ടിക്കളിയും ഓണാഘോഷത്തിന്റെ ഭാഗമായി വരുന്നതാണ്. കുമ്മാട്ടിപ്പുല്ല് ദേഹത്തുവെച്ചു കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍ തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുവീടാന്തരം സന്ദര്‍ശിക്കുന്നു. രാമായണം പാട്ട്, ദാരികവധം പാട്ട് തുടങ്ങിയവയാണ് ഇവര്‍ പാടുക. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.
 
ഓണക്കളികളില്‍ ഏറ്റവും ആവേശമുണര്‍ത്തുക വള്ളംകളികളാണ്. മത്സരം എന്നതിലുപരിയായി ജലോത്സവം എന്ന അടിസ്ഥാനത്തിലാണ് ഇത് കണക്കേണ്ടത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളംകളി. പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.
 
ഓണത്തല്ലാണ് മറ്റൊരു ഇനം. കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായികവിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്‌നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്. ആട്ടക്കളവും ഓണവിനോദങ്ങളില്‍ പ്രാധാന്യമുള്ളവ തന്നെ. ഇപ്പോഴത്തെ കബഡിയോട് സാമ്യമുള്ള കളിയാണ് ഇത്. കളത്തിനുള്ളിലുള്ളവരെ പുറത്താക്കിയാല്‍ കളി ജയിച്ചുവെന്നതാണ് ഇതിന്റെ നിയമം. കരടിക്കെട്ട് ആണ്‍ കലാരൂപമാണ്. കരടിയുടെ രൂപം കെട്ടി നടക്കുക.
 
സ്ത്രീകള്‍ക്ക് മാത്രമായിട്ടും ഓണവിനോദങ്ങളുണ്ട്. കൈകൊട്ടിക്കളിയാണ് അവയില്‍ പ്രധാനം. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി. പൂക്കളംതീര്‍ത്ത് നടുവില്‍ നിലവിളക്ക് കൊളുത്തിവെച്ചും ചുറ്റും മണ്‍ചെരാത് എരിയിച്ചുമാണ് കൈക്കൊട്ടിക്കളി നടത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article