യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികളുമായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ഒപ്പമുണ്ടെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികളുമായി തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള ശക്തമായ ഇടപെടല്‍ കേരളം നടത്തുന്നുണ്ട്. ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകാന്‍ സമ്മര്‍ദ്ദം തുടരും. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.