പ്രതിപക്ഷം ആടിനെ പട്ടിയാക്കുന്നു, കുറ്റം ചെയ്യാത്ത യു‌ഡി‌എഫ് എം‌എല്‍‌എമാരെ ബലിയാടാക്കില്ല: മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2015 (14:04 IST)
പ്രതിപക്ഷം സമരം തുടങ്ങിയെങ്കിലും അത് നിര്‍ത്താനറിയില്ലെന്ന് പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലെ സംഭവങ്ങളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയുകയയിരുന്നു മുഖ്യമന്ത്രി. ലോകം മുഴുവനുമുള്ള മലയാളികള്‍ കണ്ട സംഭവത്തില്‍ ഒരു നടപടിയും എടുക്കാതിരുന്നെങ്കില്‍ ഞങ്ങള്‍ കുറ്റക്കാരാകുമായിരുന്നു എന്നും അതിനാലാണ് നടപടി എടുക്കേണ്ടി വന്നതെന്നും പ്രതിപക്ഷ എം‌എല്‍‌എമാരെ പുറത്താക്കിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് നടപടി വേണമെന്ന സ്പീക്കറുടെ നീര്‍ദ്ദേശത്തൊട് തുറന്ന മനസോടെ സമീപിച്ചതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
 
കുറ്റം ചെയ്ത എല്‍‌ഡി‌എഫ് എം‌എല്‍എമാരെ രക്ഷിക്കാന്‍ കുറ്റം ചെയ്യാത്ത യു‌ഡി‌എഫ് എം‌എല്‍‌എമാരെ ബലിയാടാക്കാന്‍ ഞങ്ങള്‍ അഗ്രഹിക്കുന്നില്ല. യു‌ഡി‌എഫ് എം‌എല്‍ എമാര്‍ക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അത് പതിമൂന്നാം തിയതി തന്നെ പറയണമായിരുന്നു. അന്ന് പറഞ്ഞില്ല. പരാതി പറഞ്ഞത് വാച്ച്‌ ആന്‍ഡ് വാര്‍ഡുമാരെക്കുറിച്ചാണ്. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ തെറ്റ് ചെയ്തിട്ടില്ല. അവര്‍ പതിവ് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.  വാച്ച് ആന്‍ഡ് വാര്‍ഡുമാരെക്കുറിച്ച് വി‌ എസ് സ്പീക്കര്‍ക്ക് നീണ്ട കത്ത് നല്‍കി. അതില്‍ എം‌എല്‍‌എമാര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നില്ല. ഏറെ പഴികേള്‍ക്കേണ്ടി വരുന്നവരാണ് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍.സീനിയര്‍ നേതാക്കന്മാര്‍ വരെ അവരെ അക്രമിച്ചു- മുഖ്യമന്ത്രി പറഞ്ഞു.
 
എല്‍‌ഡി‌എഫിന്റെ എം‌എല്‍‌എമാര്‍ പ്രതികൂട്ടില്‍ ആകുമെന്ന് ഉറപ്പായപ്പോഴാണ് പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഞങ്ങള്‍ എന്തു പരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവവുമായി ബന്ധപ്പെട്ട് സഭയിലെ വീഡിഒയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഏതെങ്കിലും യു‌ഡി‌എഫ് എം‌എല്‍മാര്‍ സംഭവത്തില്‍ പ്രതികളാണോ എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
 
രണ്ട് സ്ഥലത്താണ് പ്രശ്നങ്ങളുണ്ടാ‍യത്. ഒന്ന് സ്പീക്കറുടെ ഡയസിലും, രണ്ട് ഭരണപക്ഷത്തിന്റെ ഭാഗത്തും. പ്രശ്നങ്ങള്‍ മുഴുവനും ഉണ്ടാക്കിയിട്ട് പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നു. നമ്മള്‍ക്കൊന്നിച്ചിരുന്ന് സഭയിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പ്രതിപക്ഷത്തെ അറിയിച്ചതാണ്. എന്നാല്‍ അവര്‍ അത് അംഗീകരിച്ചില്ല. പ്രതിപക്ഷം ആടിനെ പട്ടിയാക്കുന്ന സമീപനത്തിലാണ്. മാണിയെ തടയാനായി വന്ന് പ്രശ്നങ്ങളുണ്ടാക്കി നിയമസഭയുടെ പരിപാവനത തകര്‍ത്തു. ലോകത്തെമ്പാടുമുള്ള മലയാളികളെ നാണം കെടുത്തി. യുഡി‌എഫിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിന് എല്‍‌ഡി‌എഫ് വലിയ വില നല്‍കേണ്ടി വരും- മുഖ്യമന്ത്രി പറഞ്ഞു. 
 
എം‌എല്‍‌എമാര്‍ക്കെതിരായ നപടിയില്‍ പ്രതിഷേധിച്ച വി‌ എസിന്റെ വാക്കുകള്‍ക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനും പാര്‍ട്ടിയുടെ നേതാവിനും ചേരാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായ സമരപരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ സമനില തെറ്റും. എന്നാല്‍ ഇത്തരത്തില്‍ സമനില തെറ്റരുതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതു പോലെ സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് ഇന്ന് സഭയില്‍ ബഹളങ്ങള്‍ ഉണ്ടായിട്ടും സമ്മേളനം നടത്തിയത്. മൂന്നു ദിവസമുണ്ടായിരുന്ന ബജറ്റ് സമ്മേളനം ഒറ്റദിവസമായി ചുരുക്കിയത് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ്. സഭ നടത്താ‍ന്‍ അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
 
എല്‍‌ഡി‌എഫിന്റെ ഈ നടപടി ജനാധിപത്യത്തിനു ഭൂഷണമാണോ എന്ന് അവര്‍ ചിന്തിക്കണം. നിയമസഭയുടെ മര്യാദയും മിതത്വവും പ്രതിപക്ഷം ലംഘിച്ചു. ഇന്ന് നടന്നതും അത് തന്നെയാണ്. എന്നാല്‍ യു‌ഡി‌എഫ് ഒരു സാഹചര്യത്തിലും മര്യാദ വിടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സഭയ്ക്കും നാടിനും നാണക്കേട് യുഡി‌എഫ് ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട് എന്ന് ഉമ്മന്‍‌ചാണ്ടി ഓര്‍മ്മിപ്പിച്ചു. പ്രശ്നങ്ങള്‍ മുഴുവനും ഉണ്ടാക്കിയിട്ട് അടുത്ത ദിവസം ഹര്‍ത്താല്‍ നടത്തി പൊതുജനത്തെ ബുദ്ധിമുട്ടിച്ചവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. 
 
ഗവണ്‍മെന്റിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് അവസാനം അത് നടക്കില്ലെന്ന് ഉറപ്പായി കാലിടറിയ പ്രതിപക്ഷം ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ മറന്ന് സ്വന്തം മുഖം രക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷം പാഠങ്ങള്‍ പഠിക്കുന്നില്ല. വൈരാഗ്യവും വിദ്വേഷവും വാശിയും കൊണ്ട് അന്ധത ബാധിച്ച ഇടതുപക്ഷം വീണ്ടും നാണം കെടാന്‍ പോകുന്നതായും ആയിരം കള്ളക്കഥകള്‍ പ്രചരിപ്പിച്ചാലും സത്യം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ബജറ്റവതരണ വേളയില്‍ സഭയില്‍ ലഡുവിതരണം നടത്തിയത് ഒഴിവാക്കാമായിരുന്നു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.