ബജറ്റ് ദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ വനിത എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ടി. ആസഫലിയുടെ നിയമോപദേശം. കെ. ശിവദാസന്‍ നായര്‍, എം. എ. വാഹിദ്, എ.ടി. ജോര്‍ജ്, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ കെ.കെ. ലതിക, കെ.എസ്. സുലേഖ, അയിഷ പോറ്റി, ജമീല പ്രകാശം എന്നിവരാണ് പരാതി നല്‍കിയത്.
ഈ പരാതികള്‍ പരിഗണിക്കേണ്ടതില്ലെന്നും അനിഷ്ട സംഭവങ്ങളില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മാത്രം തുടര്‍ നടപടി സ്വീകരിക്കാമെന്നുമാണ് ഡിജിപിയുടെ നിയമോപദേശം. മറ്റുള്ള പരാതികള്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയുടെ കൂടെ ഉള്‍പ്പെടുത്തി അന്വേഷിച്ചാല്‍ മതിയാകുമെന്നും നിയമോപദേശത്തില്‍ പറയുന്നു. സഭയിലെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പരിശോധിച്ചാണ് ഡിജിപി നിയമോപദേശം നല്‍കിയിരിക്കുന്നത്.
ശിവദാസന്‍നായര്‍ ദുഷ്ടവിചാരത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നെന്നും ഇതുവഴി താന്‍ അപമാനിക്കപ്പട്ടെന്നുമാണ് ജമീല പ്രകാശം നല്‍കിയ പരാതിയില്‍ പറയുന്നത്. നിയമസഭയില്‍ ഉണ്ടായ അക്രമത്തില്‍ താഴെ വീഴുകയും അക്രമത്തില്‍ മാനഹാനിയും മനോവിഷമവും ഉണ്ടായെന്നുമാണ് ഐഷാപോറ്റിയുടെ പരാതിയില്‍ പറയുന്നത്. മറ്റ് വനിതാ എം എല്‍ എമാരും ഇതേ പരാതിയാണ് പൊലീസ് മേധാവിക്ക് നല്‍കിയിരിക്കുന്നു.