ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് ചെയ്യും; അതീവ ജാഗ്രത, പരിശോധനാഫലം ഉച്ചയോടെ

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:25 IST)
സംസ്ഥാനത്ത് ഭീതി പരത്തി കോഴിക്കോട് ജില്ലയിലെ നിപ സംശയം. പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പരിശോധനാഫലം ലഭിക്കും. അതിനുശേഷം മാത്രമേ നിപ ആണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. നിപ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തും. ഡിഎംഒയുടെ ഓഫീസില്‍ ഇന്ന് രാവിലെ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം ചേരും. 
 
കഴിഞ്ഞ മാസം 30 നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്. മരിച്ച രണ്ടുപേരും ഒരേസമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായിരുന്നതിനാല്‍ ഇരുവരും തമ്മില്‍ സമ്പര്‍ക്കത്തിലായിരുന്നെന്നാണ് നിഗമനം. ഓഗസ്റ്റ് 30 ന് സംഭവിച്ച മരണം നിപ ആണെന്ന സംശയങ്ങള്‍ അന്ന് ഉണ്ടായിരുന്നില്ല. ന്യുമോണിയ ആണ് മരണകാരണമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് സമാന ലക്ഷണങ്ങളോടെ മറ്റൊരാള്‍ ചികിത്സയിലാകുകയും മരിക്കുകയും ചെയ്തതോടെയാണ് സംശയം ഉടലെടുത്തത്. 
 
ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെ ഐസൊലേഷനിലാക്കി. മരിച്ചയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒന്‍പത് വയസുകാരനായ ആണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെയും മരിച്ച രണ്ടാളുകളുടെയും സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍