മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്, പരിധിവിട്ടാല്‍ നടപടിയുണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി കമ്മീഷണര്‍

Webdunia
ബുധന്‍, 8 നവം‌ബര്‍ 2023 (15:00 IST)
തിരുവനന്തപുരത്തെ നൈറ്റ് ലൈഫില്‍ നിയന്ത്രണങ്ങളുമായി പോലീസ്. രാത്രി 10 മണി കഴിഞ്ഞ് മൈക്കോ വാദ്യോപകരണങ്ങളോ പാടില്ലെന്നും ഇതല്ലാതെയുള്ള വിനോദാപാധികള്‍ ഉപയോഗിക്കാമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപസംഘമാണ് പോലീസിനെ ആക്രമിച്ചത്. മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിച്ചാല്‍ പോലീസിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതായി വരും. ലഹരി ഉപയോഗം കണ്ടെത്താന്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
 
മാനവീയം വീഥിയിലെ ഇപ്പോഴത്തെ സംഭവങ്ങളെല്ലാം പതിയെ ശരിയാകും. കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും. ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ്, ബ്രീത് അനലൈസര്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ പോലീസ് കൊണ്ടുവരും. അവരവരുടെ പരിധിയില്‍ നിന്നാല്‍ പോലീസ് നിയന്ത്രണങ്ങളുണ്ടാകില്ല. എന്നാല്‍ പരിധി വിട്ടാല്‍ ഇടപെടേണ്ടതായി വരും.
 
രാത്രിയിലും ഭക്ഷണം,ഷോപ്പിങ്ങ്, വിനോദം എന്നിവ ലഭ്യമാക്കുക എന്നതാണ് നൈറ്റ് ലൈഫ്. സ്ത്രീകളും പ്രായമായവരും കുട്ടികളും യുവാക്കളുമെല്ലാം ഇതിന്റെ ഭാഗമാകണം. ഒരാളുടെ എന്‍ജോയ്‌മെന്റ് മറ്റൊരാള്‍ക്ക് ശല്യമാകുന്ന അവസ്ഥയാകരുത്. പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article