തിരുവനന്തപുരത്ത് നിപ ആശങ്ക : ലക്ഷണങ്ങളുമായി 2 പേർ നിരീക്ഷണത്തിൽ

ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (11:21 IST)
നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനതപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി,ശ്വാസം മുട്ടല്‍ എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ സ്രവ സാമ്പിള്‍ ഐഎവി,പൂനെ എന്‍ഐവി എന്നിവിടങ്ങളിലേക്ക് വിശദമായ പരിശോധനകള്‍ക്ക് അയയ്ക്കും.
 
കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശക്തമായ പനിയും തലവേദയേയും തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയായ വയോധികയെ പനിയുള്ളതിനാല്‍ ഐരാണിമുട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കും.ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍ നിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തെത്തിയത്. ബന്ധുക്കള്‍ കോഴിക്കോട് ഇറങ്ങിയില്ലെങ്കിലും ആശങ്കയെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകളും പരിശോധിക്കും.
 
അതേസമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇതുവരെ 94 സാമ്പിളുകള്‍ നെഗറ്റീവാണ്. ഇന്ന് 11 സാമ്പിളുകളാണ് നെഗറ്റീവായത്. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍