കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ അപൂർവ റെക്കോര്‍ഡിനുടമയാകും സുരേഷ് ഗോപി!

Webdunia
ശനി, 23 ഏപ്രില്‍ 2016 (08:48 IST)
രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം നല്‍കിയാല്‍ ആ പദവി ലഭിക്കുന്ന ആദ്യത്തെ നോമിനേറ്റഡ് എം പിയായിരിക്കും സുരേഷ് ഗോപി. 1952ൽ രാജ്യസഭ നിലവിൽ വന്നതിനു ശേഷം ഇതുവരെ നാമനിർദേശം ചെയ്യപ്പെട്ട ഒരു അംഗവും കേന്ദ്രമന്ത്രി ആയിട്ടില്ല. ഭരണഘടനാ പരമായി ഇതിനു തടസ്സം ഇല്ലെങ്കിലും ഇതുവരെയും ഒരു പ്രധാനമന്ത്രിയും നാമനിർദേശം ചെയ്യപ്പെട്ട അംഗത്തെ മന്ത്രിയാക്കിയ ചരിത്രം ഉണ്ടായിട്ടില്ല. 
 
രാജ്യസഭയിലോ ലോക്സഭയിലോ അംഗമല്ലാത്ത വ്യക്തിയെ മന്ത്രിയാക്കാന്‍ സാധിക്കും. ആറുമാസത്തിനുള്ളിൽ അംഗമായാൽ മതി. ആ രീതിയില്‍ മന്ത്രിയായവരാണ് ശാസ്ത്രജ്ഞരായ എം ജി കെ മേനോൻ, രാജാ രാമണ്ണ, വിഖ്യാത അഭിഭാഷകൻ റാം ജഠ്മലാനി, മുൻ തിരഞ്ഞെടുപ്പു കമ്മിഷണർ ഡോ എം എസ് ഗിൽ എന്നിവര്‍.
 
1990ൽ വി പി സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് എം ജി കെ മേനോനെയും രാജാ രാമണ്ണയെയും കേന്ദ്ര സഹമന്ത്രിമാരാക്കിയത്. തുടർന്ന് ഡോ രാജാ രാമണ്ണ ഉത്തർപ്രദേശിൽ നിന്നും എം ജി കെ മേനോൻ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തി. നാമനിർദേശം വഴി ലഭിച്ച രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് പ്രഫ എസ് നൂറുൽ ഹസൻ മന്ത്രിയായത്. 1968ൽ നാമനിർദേശം ചെയ്യപ്പെട്ട പ്രഫ നൂറുൽ ഹസൻ 1971 സെപ്‌റ്റംബർ 30ന് രാജിവയ്ക്കുകയും, ഒക്‌ടോബർ നാലിന് കേന്ദ്രമന്ത്രിയാകുകയും ചെയ്തു, ഉത്തർ പ്രദേശിൽ നിന്ന് നവംബർ 11നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 
 
രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട മലയാളികളാണ് മഹാകവി ജി ശങ്കരക്കുറുപ്പ് (1968), ഡോ ജി രാമചന്ദ്രൻ(1964), എം എസ് സ്വാമിനാഥൻ (2007) സർദാർ കെ എം പണിക്കർ (1959), ഡോ കെ കസ്തൂരിരംഗൻ(2003), കാർട്ടൂണിസ്റ്റ് അബു ഏബ്രഹാം (1972)എന്നിവര്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം