കനാല്‍ പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്ന ആഗ്രഹമാണ് മരണശേഷം യാഥാര്‍ത്ഥ്യമാകുന്നത്. പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച ജിഷയുടെ അമ്മയ്ക്കുള്ള വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ശനിയാഴ്ച വൈകിട്ട് പെരുമ്പാവൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷയുടെ അമ്മയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറും.
എറണാകുളം ജില്ലാ കലക്ടര്‍ എംജി രാജമാണിക്യത്തിന്റെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടില്‍ ലഭിച്ച 38.43 ലക്ഷം രൂപയില്‍ നിന്ന് പതിനൊന്നരലക്ഷം രൂപ ചെലവഴിച്ചാണ് വീട് പൂര്‍ത്തിയാക്കിയത്. മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയിലാണ് വീട് നിര്‍മ്മിച്ചത്. കാക്കനാട് നിര്‍മ്മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വീടിന്റെ നിര്‍മ്മാണം നടന്നത്. ജിഷയുടെ അമ്മ രാജേശ്വരിയുടെ ആഗ്രഹപ്രകാരമാണ് വീടിന് ജിഷാ ഭവനം എന്ന പേരിട്ടത്.
അശാസ്ത്രീയമായി പകുതിയോളം നിര്‍മ്മിച്ച വീടും തറയും പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിര്‍മ്മിച്ചത്. ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ അതി ക്രൂരമായി കൊല്ലപ്പെട്ടത്. അടച്ചുറപ്പില്ലാത്ത വീടില്ലാതിരുന്നതിനാല്‍ അന്നു മുതല്‍ പെരുമ്പാവൂര്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയലാണ് അമ്മ രാജേശ്വരി കഴിഞ്ഞിരുന്നത്.