വൈരൂപ്യത്തോടെ ജനിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. പ്രായമായവരുടേത് പോലെ ചുക്കിച്ചുളിഞ്ഞ തൊലിയും വിരുപമായ മുഖവുമായി പിറന്ന കുട്ടിയെ ആണ് മാതാപിതാക്കളായ മമത ടോടെ-അജയ് ടോടെ ദമ്പതികള്‍ ഉപേക്ഷിച്ചത്. മാസം തികയാതെ ഏഴാം മാസത്തിലായിരുന്നു പ്രസവം. ഇവരുടെ രണ്ടാമത്തെകുഞ്ഞായിരുന്നു ഇത്. വൈരൂപ്യത്തൊടെ പിറന്നതിനാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ പോലും അമ്മ വിസമ്മതിച്ചു.
തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. 800 ഗ്രാം മാത്രമാണ് ഭാരം. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ 50കാരനായ മുത്തശ്ശന്‍ ദിലീപ് ടോടെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി ആട്ടിന്‍പാല്‍ കൊടുത്താണ് ഇയാള്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടി ഇപ്പോള്‍ മുംബൈയിലെ വാഡിയ ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തശ്ശന്റെ സാമ്പത്തിക പരാധീനത അറിഞ്ഞ ആശുപത്രി ചികിത്സാ ചെലവ് ഏറ്റെടുത്തു. വാര്‍ത്ത അറിഞ്ഞ് കുഞ്ഞിനെ കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.