ദേശീയപാതക്കായി സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി

തിങ്കള്‍, 18 ജൂലൈ 2016 (11:58 IST)
സംസ്ഥാനത്ത് ദേശീയപാതക്കായി സർക്കാർ എറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ഉറപ്പാക്കാന്‍ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 
ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ തീരുമാനമായിരുന്നു. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നതിനുളള തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ദേശീയപാതകൾ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
 
ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ക്കായി ചെലവു വരുന്ന 700 കോടിയില്‍ പകുതി കേന്ദ്രം വഹിക്കും. ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 120 കോടി രൂപ അനുവദിച്ചു.  

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക