ദേശീയ ഗെയിംസിന്റെ നടത്തില്‍ വ്യാപക അഴിമതിന്നടന്നു എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ ഗെയിംസ് നടക്കുന്ന വേദികള്‍ സിബിഐ സംഘം സന്ദര്‍ശിച്ചു. അഴിമതി നടക്കുന്നു എന്ന് സിബിഐയ്ക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണമാവശ്യമുണ്ടൊ എന്ന് അറിയുന്നതിനായുള്ള നിരീക്ഷണമാണ് സിബിഐ സംഘം നടത്തുന്നതെന്നാണ് സൂചന.
ആരോപണം ഉയര്‍ന്ന സ്റ്റേഡിയങ്ങളും കരാറുകളും സിബിഐ പരിശോധിച്ചു. സിബിഐയ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചെന്നൈ യൂണിറ്റില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി വിവരം ശേഖരിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ ഫാക്ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട് തയ്യാറാക്കും.ഗെയിംസ് നടത്തിപ്പിന് കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിനാല്‍ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നാല്‍ സി ബി ഐ അന്വേഷണം അനിവാര്യമാകും.
അതിനിടെ ഗണേഷ്കുമാര്‍ എംഎല്‍എ തിരുവഞ്ചൂരിനെ അഴിമതിയേക്കുറിച്ച് സിബിഐ അന്വേഷണത്തിന് വെല്ലുവിളിച്ചു. ദേശീയ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിന് തയാറാണോ എന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
എം.വിജയകുമാര്‍ കായികമന്ത്രിയായിരുന്ന കാലത്തെയും താന്‍ മന്ത്രിയായിരുന്ന കാലത്തെയും ഇപ്പോഴത്തെയും എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. താനതിന് തയാറാണ്. മുഖ്യമന്ത്രി അതിന് തയാറാണോ? അന്വേഷണം വരട്ടെ, തനിക്ക് പലകാര്യങ്ങളും പറയാനുണ്ട് എന്ന് ഗണേഷ്കുമാര്‍ പറഞ്ഞു. അതേസമയം ഇറ്റ്ഘേ ആവശ്യവുമായി മുന്‍ കായിക മന്ത്രി എം വിജയകുമാറും രംഗത്തെത്തി.
ഗണേഷ്‌കുമാര്‍ ഈ മന്ത്രിസഭയുടെ തന്നെ മുന്‍കായികമന്ത്രിയായതു കൊണ്ട് അദ്ദേഹത്തിന്റെ അരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ഗണേഷിനും തനിക്കും പലകാര്യങ്ങളും അറിയാം. ലാലിസമെന്ന നിസാരപ്രശ്‌നത്തെ ഊതിപ്പെരുപ്പിച്ച് പ്രധാനപ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധമാറ്റാനാണ് ശ്രമം. അതിന് അനുവദിക്കരുത്. നടന്ന അഴിമതി വലുതാണ്. അത് അന്വേഷിക്കുക തന്നെ വേണമെന്ന് വിജയകുമാര്‍ പറഞ്ഞു.