പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം നാളെ

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (08:06 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നു സംസ്ഥാനത്തെത്തും. തിങ്കളാഴ്ച വൈകുന്നേരം 4.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ  നേവല്‍ എയര്‍ സ്റ്റേഷനിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ നിന്നും ഹെലികോപ്‌ടറില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജ് ഗ്രൌണ്ടിലേക്കു തിരിക്കും. 4.50നു തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരുന്ന അദ്ദേഹം അഞ്ചിനു പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05നു കൊച്ചിയിലേക്ക് റോഡുമാര്‍ഗം തിരിച്ച് 7.15നു കൊച്ചി താജ് മലബാറിലെത്തി ഇന്ന് അവിടെ തങ്ങും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹെലികോപ്ടറില്‍ കൊല്ലത്ത് എത്തുന്ന അദ്ദേഹം മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും  ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് വിവാദമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.