മുന്‍മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍ ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍ നിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്ന് എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തുന്ന ആദ്യ ചടങ്ങായതിനാല്‍ അത് പൂര്‍ണമായും മോഡി ഷോ ആകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റിയാലെ പ്രധാനമന്ത്രി ചടങ്ങിനെത്തുകയുള്ളുവെന്ന് ബിജെപി തറപ്പിച്ചു പറഞ്ഞപ്പോള്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അതേസമയം, പ്രതിമ അനാവരണച്ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത് എസ്എൻ ട്രസ്റ്റാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കുകയും ചെയ്‌തു.
ഉമ്മന്‍ ചാണ്ടിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതോടെ ചടങ്ങിലെ മോഡിയുടെ പ്രസംഗ സമയവും വര്‍ധിക്കും. 45 മിനിട്ട് പരിപാടിയില്‍ 35 മിനിട്ടാണ് ഇപ്പോള്‍ മോഡിയുടെ പ്രസംഗം. മുഖ്യമന്ത്രി അധ്യക്ഷനായിരുന്നപ്പോള്‍ അത് 15 മിനിട്ട് മാത്രമായിരുന്നു. പുതുക്കിയ പരിപാടി അനുസരിച്ച് ചടങ്ങില്‍ മോഡി മാത്രമെ പ്രസംഗിക്കാന്‍ സാധ്യതയുള്ളു. ഈ സാഹചര്യത്തില്‍ ചടങ്ങ് ബിജെപിയുടെ ചടങ്ങാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നത്. കൊല്ലത്തേത് സര്‍ക്കാര്‍ ചടങ്ങല്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യം അനിവാര്യമല്ലെന്നുമാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം. ഡിസംബര്‍ 15 ന് കൊല്ലത്താണ് ചടങ്ങ്.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം ഇന്നലെ അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.
ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.
വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചാണ് ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.