രാജ്യത്ത് നാസിസം നടപ്പാക്കാനാണ് മോദിയുടെ ശ്രമം; ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയത വളർത്തുന്നു - മുഖ്യമന്ത്രി

Webdunia
ഞായര്‍, 12 ജൂണ്‍ 2016 (12:27 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകാധിപതി ആയിരുന്ന ഹിറ്റ്ലറുടെ നാസിസം രാജ്യത്ത് നടപ്പാക്കാനാണ് മോദിയുടെ ശ്രമം. ഏക വിശ്വാസം മാത്രമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയത വളർത്തുന്നതിന് എല്ലാ ശ്രമങ്ങളും മോദി - അമിത് ഷാ കൂട്ടുകെട്ട് നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളെ ഭിന്നിപ്പിച്ച് കാര്യങ്ങള്‍ അനുകൂലമാക്കുന്നതിനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നത്. ഹിറ്റ്‌ലറിന്റെ യഹൂദന്മാരെ ഇല്ലാതാക്കുന്നതിന് പല പദ്ധതികളും നടപ്പാക്കി. അത്തരം പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആര്‍എസ്എസാണ്. രാജ്യത്തെ കലാപങ്ങളിലും ആർഎസ്എസിന്റെ പങ്ക് കാണാമെന്നും പിണറായി വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് ബന്ധം വ്യക്തമായിരുന്നു. പലയിടത്തും ഈ ബന്ധത്തിന്റെ തെളിവ് വ്യക്തമായിരുന്നു. നേമത്ത് ബിജെപി ജയിച്ചത് ഈ കൂട്ടുകെട്ടിന്റെ ഫലമായാണ്. എന്നാൽ, വർഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ ഇടതിന് മാത്രമെ സാധിക്കൂ എന്നു മനസിലാക്കിയ മതനിരപേക്ഷ വിഭാഗം എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുകയായിരുന്നുവെന്നും പിണറായി വ്യക്തമാക്കി. മലപ്പുറം മഞ്ചേരിയിൽ ഇ.എം.എസിന്റെ ലോകം എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Next Article