സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ തുടരും; നേരിയ സാധ്യത ജയരാജന്

രേണുക വേണു

തിങ്കള്‍, 3 മാര്‍ച്ച് 2025 (08:58 IST)
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ തുടരും. മാര്‍ച്ച് ആറ് മുതല്‍ ഒന്‍പത് വരെ കൊല്ലത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തില്‍ എം.വി.ഗോവിന്ദനെ ഏകകണ്‌ഠേന തിരഞ്ഞെടുക്കാനാണ് സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദന് വെല്ലുവിളികളില്ലെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനങ്ങള്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നതിനെ കുറിച്ച് സൂചന നല്‍കുന്ന പതിവുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പകരം കോടിയേരി ബാലകൃഷ്ണന്‍ എത്തിയത് അങ്ങനെയാണ്. സമാന രീതിയില്‍ നിലവിലെ പാര്‍ട്ടി സെക്രട്ടറിയായ ഗോവിന്ദന്‍ മാസ്റ്റര്‍ സ്ഥാനം ഒഴിയുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയായി തുടരാനുള്ള സാധ്യതയാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഒരു ടേം കൂടി നല്‍കാന്‍ സിപിഎമ്മില്‍ ധാരണയായിരിക്കുന്നത്. 
 
അതേസമയം എം.വി.ഗോവിന്ദന്‍ എന്തെങ്കിലും കാരണവശാല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നില്ലെങ്കില്‍ പകരം പി.ജയരാജനെയാണ് പരിഗണിക്കുക. കണ്ണൂരില്‍ നിന്നുള്ള നേതാവാണെന്നതും മുന്‍പ് ജില്ലാ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചതും ജയരാജന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. തലമുറ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കുകയാണെങ്കില്‍ എം.സ്വരാജിനും സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍