മുത്തൂറ്റ് പോള്‍ വധക്കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍, പതിനാലാമനെ വെറുതെ വിട്ടു

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (11:16 IST)
യുവവ്യവസായി പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട കേസിൽ വിധി പ്രഖ്യാപിച്ചു. പതിമൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ച കോടതി പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു. രണ്ടു കുറ്റപത്രങ്ങളില്‍ ഒരു കുറ്റപത്രത്തിലെ വിധിയാണ് ഇത്. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് വിധി.
 
തിങ്കളാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധി മൂന്നു പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്നാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ജയചന്ദ്രൻ, സുധീഷ്, ഹസൻ സന്തോഷ് എന്നിവരായിരുന്നു ഇന്നലെ ഹാജരാകാതിരുന്നത്.
 
2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.