പ്രശസ്ത സംഗീതസംവിധായകന്‍ ബോംബെ എസ് കമാല്‍ അന്തരിച്ചു

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (09:13 IST)
പ്രശസ്ത സംഗീതസംവിധായകന്‍ ബോംബെ എസ്.കമാല്‍(83)അന്തരിച്ചു. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് 4.30ന് പാളയം ജുമാ മസ്ജിദില്‍. നേരത്തെ ഹൃദയാഘാതമുണ്ടായ ബോംബെ എസ് കമാലിനെ കടുത്ത ശ്വാസ തടസത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസമായി അദ്ദേഹം ഐസിയുവില്‍ ആയിരുന്നു. രാത്രി 9.45ഓടെയാണ് മരണം സംഭവിച്ചത്.
 
ബോംബെ വിക്ലോറിയ ടെര്‍മിനസിനു സമീപം അബ്‌ദുല്‍ റഹ്‌മാന്‍ സ്‌ട്രീറ്റിലാണ്‌ കമാല്‍ ജനിച്ചത്‌. എം.എസ്‌. ബാബുരാജുമായുള്ള സൗഹൃദത്തിലൂടെ 1959ല്‍ മലയാളത്തിലെത്തിയ കമാല്‍ മുപ്പത്തിമൂന്നു സിനിമാഗാനങ്ങളൊരുക്കി. മലയാളത്തില്‍ 13 സിനിമകള്‍ക്ക്‌ സംഗീതം നല്‍കി. കൂടുതല്‍ പാട്ടുകളും യേശുദാസാണ്‌ പാടിയത്‌. 1979ലാണ് ആദ്യമായി സിനിമയില്‍ പാട്ടിന് ഈണം നല്‍കി. ഡോ. ബാലകൃഷ്ണന്റെ എവിടെ എന്‍ പ്രഭാതമായിരുന്നു ഈ ചിത്രം. നിലവിളക്ക് എന്ന ചിത്രത്തില്‍ പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം എന്ന പാട്ട് ഹിറ്റായി. ഇടയ്ക്ക് അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വോയ്സ് ഓഫ് യൂത്ത് എന്ന ട്രൂപ്പില്‍ ഗായകനായി ചേര്‍ന്നു. 
 
നിരവധി സംഗീത ആല്‍ബങ്ങളും ചെയ്‌തിട്ടുണ്ട്‌. 1500ലേറെ വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചു. കൂടാതെ ഒട്ടേറെ ഗസലുകളുമൊരുക്കി. 1963 കമാലിന്‌ നേട്ടം നല്‍കിയ വര്‍ഷമാണ്‌. കിളിമാനൂര്‍ രമാകാന്തന്‍ എഴുതിയ ‘സ്വപ്‌നം കാണാത്ത രാത്രി‘യിലെ എന്ന ഗാനം കമ്പോസ്‌ ചെയ്യാന്‍ അവസരം ലഭിച്ചു. അത്‌ ഹിറ്റായി. ഗായകനായിരുന്ന കമാലിനെ പാട്ട്‌ കമ്പോസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചതും ബാബുരാജ്‌ ആയിരുന്നു. അതിനിടയില്‍ കുറെയധികം സിനിമകളില്‍ അഭിനയിക്കുവാനുള്ള അവസരം കമാലിനെ തേടിയെത്തി. 
 
മലയാളത്തിലെ പ്രഗത്ഭ ഗായകര്‍ എല്ലാം കമാലിനു വേണ്ടി പാടിയിട്ടുണ്ട്. കൂടാതെ യേശുദാസിന്റെ 'ശരത്കാല പുഷ്പങ്ങള്‍' എന്ന ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചത് കമാലാണ്. മേജര്‍ രവിയുടെ കീര്‍ത്തി ചക്രയിലെ ടൈറ്റില്‍ സോംഗ് എഴുതിയതും ബോംബെ എസ് കമാലാണ്. സംഗീത രംഗത്തിനുള്ള സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് 2012 ല്‍ സ്വരലയഈണം ഗുരുവന്ദന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.