വാഹനാപകടത്തിൽ പരുക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിക്കാൻ ഇടയായ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.
മുരുകനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 15 സ്റ്റാന്‍ഡ് ബൈ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള 111 ശസ്ത്രക്രിയകള്‍ക്കായി നീക്കി വച്ചിരുന്നതായിരുന്നു ഇവ. ഇതു കൂടാതെ അഞ്ച് വെന്റിലേറ്ററുകള്‍ കൂടി ഉണ്ടായിരുന്നു. അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാനായിരുന്നു ഇവ നീക്കിവച്ചിരുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിനു നൽകിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
34 വെന്റിലേറ്ററുകളാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 15 എണ്ണം പ്രവർത്തനക്ഷമമായിരുന്നു. ബാക്കി 19 എണ്ണത്തിനു തകരാർ സംഭവിച്ചിടുണ്ടെന്നും സൂപ്രണ്ട് പൊലീസിനു മൊഴി നൽകി. ഇതിൽ മുരുകന് ചികിത്സ നൽകേണ്ട ന്യൂറോ സർജറി ഐസിയുവിൽ രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
മുരുകൻ മരിക്കാനിടയായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റർ ഒഴിവില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നേരത്തെ വാദിച്ചിരുന്നത്.