കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (12:58 IST)
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. വാളാങ്കിച്ചാലില്‍ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപണവുമായി സിപിഎം രംഗത്തെത്തി.
 
കള്ളു ഷാപ്പ് തൊഴിലാളിയാണ് കൊല്ലപ്പെട്ട മോഹനന്‍. രാവിലെ ഷാപ്പില്‍ ജോലിക്കെത്തിയ മോഹനനെ ആയുധങ്ങളുമായെത്തിയ സംഘം ഷാപ്പിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്തു വച്ചുതന്നെ മോഹനന്‍ മരിച്ചു.
 
മൃതദേഹം ഇപ്പോള്‍ തലശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂത്തുപറമ്പിന് കീഴില്‍ വരുന്ന പടുവിലായി ലോക്കല്‍ കമ്മിറ്റി മേഖലയില്‍ ആര്‍എസ്എസുകാര്‍ സ്ഥിരമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് സിപിഎം ആരോപിച്ചു.
Next Article