കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഗുരുവായൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

Webdunia
ശനി, 8 ഓഗസ്റ്റ് 2015 (09:02 IST)
ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെയാണ്. ചാവക്കാട് ബ്ലോക്ക് മുന്‍ സെക്രട്ടറിയായിരുന്നു ഹനീഫയാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ പ്രമുഖ എ ഗ്രൂപ്പ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹനീഫ വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായെത്തിയ ഏഴോളം വരുന്ന ആക്രമികള്‍ വീട്ടിലെത്തി ബഹളം വെക്കുകയും ഹനീഫയുടെ അമ്മയേയും ഭാര്യയേയും മക്കളേയും ആക്രമിച്ച ശേഷം ഹനീഫയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന്  കുത്തിവീഴ്‌ത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഹനീഫയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാവക്കാട് ബ്ലോക്ക് മുന്‍ സെക്രട്ടറിയായിരുന്നു ഹനീഫ. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് കൊലപാതക കാരണം എന്ന് പൊലീസ് പറയുന്നത്.