മന്ത്രിക്കസേരയിൽ ഇരിക്കാൻ ഷിബു ബേബി ജോണ്‍ യോഗ്യനല്ല, ഭാഷ മുതലാളിമാരുടേത്: വിഎസ്

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (13:49 IST)
തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. മുതലാളിമാരുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്ന ഷിബു ബേബി ജോൺ മന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. മുന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  നല്‍കിയ വാക്ക് പാലിക്കാന്‍ തയ്യാറാകണം. 26 ന് ചേരുന്ന തൊഴിലാളി യോഗത്തിൽ ഷിബു ബേബി ജോൺ പങ്കെടുക്കരുതെന്നും വി എസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്നാണ്  ഷിബു ബേബി ജോണ്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹം നിലപാട് തിരുത്തുകയും ചെയ്‌തിരുന്നു. തൊഴിലാളികള്‍ അര്‍ഹിക്കുന്ന വേതനം സ്വന്തമാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് പിന്നിട് അദ്ദേഹം പറഞ്ഞത്.

കയ്യടിക്ക് വേണ്ടി 500 രൂപ പ്രഖ്യാപിക്കാം. എന്നാല്‍, തോട്ടം മേഖല നിശ്ചലമായാല്‍ തൊഴിലാളികള്‍ കഷ്‌ടപ്പെടും. ട്രേഡ് യൂണിയനുകളെ അടച്ച് ആക്ഷേപിക്കുന്നത് അരാജകത്വം ഉണ്ടാക്കുമെന്നുമാണ് മന്ത്രി ആദ്യം പറഞ്ഞത്. അതേസമയം, മന്ത്രിക്കസേരയില്‍ ഇരിക്കുന്നതിന് തനിക്ക് അര്‍ഹതയുണ്ടോ എന്ന് തൊഴിലാളികളോട് ചോദിക്കാമെന്നും തൊഴിലാളികള്‍ക്ക് താല്പര്യമില്ലെങ്കില്‍ മന്ത്രിക്കസേരയില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും മന്ത്രി പറയുകയും ചെയ്‌തിരുന്നു.

അതേസമയം, മിനിമം കൂലി ദിവസം 500 രൂപയാക്കിയാൽ തോട്ടംമേഖല നിശ്ചലമാകുമെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് ഇ.എസ്. ബിജിമോൾ അവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്നും അവർ വ്യക്തമാക്കി. ദിവസക്കൂലി സംബന്ധിച്ച് 26 ന് തീരുമാനമായില്ലെങ്കിൽ ശക്തമായ സമരമെന്ന് മൂന്നാർ സമരസമിതി വ്യക്തമാക്കി.