ദിവസങ്ങളായി നടന്നുവരുന്ന തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കുന്നതിന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരാനിരിക്കെ യോഗത്തില്‍ തീരുമാനമുണ്ടായില്ളെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം.
മുഖ്യമന്തിയും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എളമരം കരീം. എസ്ടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയുസി തുടങ്ങി ആറു സംഘടനകളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
ഉച്ചയ്ക്ക് മൂന്നരയ്ക്ക് തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ചേംബറിലാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം നടക്കുക. യോഗത്തില്‍ എല്ലാ പിഎൽസി അംഗങ്ങളും പങ്കെടുക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ നാലുതവണ ചേര്‍ന്ന പിഎല്‍സി യോഗങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും പിഎല്‍സിചേരുന്നത്.
അതേസമയം, 500 രൂപ മിനിമം കൂലി എന്ന ആവശ്യത്തിൽ നിന്നും ഐക്യ ട്രേഡ് യൂണിയന്റെ ഒരു വിഭാഗം പിന്മാറുന്നതായി സൂചനയുണ്ട്. പെമ്പിളൈ ഒരുമൈയും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 380 രൂപ വരെ കൂലി നിശ്ചയിച്ചാലും സമരത്തിൽ നിന്നും പിൻവാങ്ങണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.