മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ റിവ്യൂപെറ്റിഷനോ അപ്പീലോ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നാര്‍ കേസിലെ ഹോക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചതിനു ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ദോഷകരമായ വിധി ആയതിലാണ് വീണ്ടും കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നത്. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പില്‍ പോരായ്മ ഉള്ളതായി സര്‍ക്കാരിന് തോന്നിയിട്ടില്ല.
പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോള്‍ തോറ്റ കേസുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജയിക്കുന്നത്. കൂടുതല്‍ കേസുകളും തോറ്റത് പ്രതിപക്ഷത്തിന്റെ ഭരണകാലത്ത് ആയിരുന്നവെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. വിധി അനുകൂലമാവുന്പോള്‍ കോടതിയെ പുകഴ്ത്തുകയും പ്രതികൂലമാവുന്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. സര്‍ക്കാരിന് കോടതികളോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ ഭൂമിയുടെ സംരക്ഷണവും കേസ് നടത്തിപ്പും യോഗം ചര്‍ച്ച ചെയ്തു. നിയമപരമായ തടസങ്ങള്‍ ഇല്ലാത്ത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. കോടതിയുടെ സ്റ്റേ ഇല്ലാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികളും ഉടന്‍ തുടങ്ങും. നടപടി സ്വീകരിക്കാന്‍ കഴിയാത്ത കേസുകളില്‍ സ്റ്റേ നീക്കുന്നതിന് വേണ്ട ശ്രമം നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.