റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു വരുകയാണ്. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറയുകയും ചെയ്‌തു. ജലനിരപ്പ് 141 അടിയാക്കി കുറക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു.
ഇടുക്കി കലക്ടര്‍ വി. രതീശന്‍, തേനി കലക്ടര്‍ വെങ്കിടാചലം എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യത്തില്‍ തീരുമാനമായത്. ജലനിരപ്പ് 141 അടിയാക്കി നിജപ്പെടുത്തുവാനും രാത്രികാലങ്ങളില്‍ ആയിരം ഘനഅടി വെള്ളം മാത്രം തുറന്ന് വിടാനും പകല്‍ സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ഷട്ടറുകള്‍ തുറക്കുവാനും യോഗത്തില്‍ ധാരണയായിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി കഴിഞ്ഞ ദിവസം പറഞ്ഞു. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് പരിമിതിയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ വിഷയത്തിൽ ഇടപെടുന്ന കാര്യം പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ കുറഞ്ഞതായും ഉമാഭാരതി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച കേരളത്തിൽ നിന്നുള്ള എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.