സഹപാഠിക്ക് ഫോണില്ലെന്ന് അറിഞ്ഞപ്പോഴാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍. നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഫോണില്‍ വിളിച്ച കുട്ടിയോട് കയര്‍ത്തു സംസാരിച്ചത് ഇന്നലെ കൂടുതല്‍ വിവാദമായിരുന്നു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണ് വിദ്യാര്‍ത്ഥി. നിലവില്‍ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതിനെ തുടര്‍ന്നാണ് നീക്കം.
അതേസമയം പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തുസംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊല്ലം എംഎല്‍എ മുകേഷ് രംഗത്തെത്തി. വിളിച്ചയാള്‍ നിഷ്ടകളങ്കനെങ്കില്‍ എന്തിന് ആ കോള്‍ റെക്കോഡ് ചെയ്‌തെന്ന് മുകേഷ് എംഎല്‍എ ലൈവില്‍ ചോദിച്ചു. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നലെ ഫോണ്‍ വന്നതെന്നും തന്നെ കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണെന്നും എംഎല്‍എയും നടനും കൂടിയായ മുകേഷ് പറഞ്ഞു.
ഇതിനുമുന്‍പും കുട്ടികളെ ഉപയോഗിച്ച് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ ഇതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ചൂരല്‍ വച്ച് അടിക്കണമെന്ന് പറഞ്ഞത് സ്‌നേഹശാസനയാണെന്നും കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് തന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുകേഷ് പറയുന്നു.
ഫോണ്‍വിളികള്‍ കാരണം ഒരുമണിക്കൂറില്‍ മൊബൈലിന്റെ ചാര്‍ജ് തീരുന്ന അവസ്ഥയാണെന്നാണ് മുകേഷിന്റെ വാദം. തന്നെ ആറുതവണ വിളിച്ചതും ഫോണ്‍ റെക്കോഡ് ചെയ്തതും ഗൂഢാനലോചനയെന്നും പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കാനാണ് തീരുമാനമെന്നും മുകേഷ് പറഞ്ഞു.