ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യം: മോണ്‍സണ്‍ മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:05 IST)
തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കലിന്റെ  വസ്തു ശേഖരത്തില്‍ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
 
ശബരിമല ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിനുവേണ്ടി വ്യാപകവും ശക്തവുമായി നടന്ന ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനും ചില ശക്തികള്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹിന്ദുസമൂഹത്തില്‍ അന്ത:ഛിദ്രം ഉണ്ടാക്കി ശിഥിലമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
 
മോണ്‍സണ്‍ മാവുങ്കലും മാധ്യമപ്രവര്‍ത്തകനായ സഹിന്‍ ആന്റണിയും ചേര്‍ന്ന് ചെമ്പോല കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ദുരുദ്ദേശ്യത്തോടെ യായിരുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍ കലാപവും, വിഭാഗീയതയും, സംഘര്‍ഷവും സൃഷ്ടിച്ച്  ജനകീയപ്രക്ഷോഭത്തെ തകര്‍ക്കാമെന്ന വ്യാമോഹത്തോടെ ചെമ്പോലയുമായി രംഗത്തുവന്നത് ഗൗരവമേറിയ കുറ്റകൃത്യമാണ്.ശബരിമല ചെമ്പോലയെക്കുറിച്ച് ഇതിനുമുമ്പും ആരോപണമുണ്ടായിട്ടുണ്ട്. പ്രശസ്ത പുരാവസ്തുഗവേഷകനും, പുരാരേഖാ വിദഗ്ധനുമായ വി.ആര്‍പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൃത്രിമമായി ചെമ്പോലയില്‍  വട്ടെഴുത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കുവാന്‍ പ്രാവീണ്യം നേടിയവരാണ് ഇത് ഉണ്ടാക്കിയതിന് പിന്നിലെന്ന് വ്യക്തം.
 
1983 കാലത്ത് വ്യാജമെന്ന കാരണത്താല്‍ തള്ളിക്കളഞ്ഞ ചെമ്പോല വീണ്ടും ശബരിമല പ്രക്ഷോഭ സമയത്ത് പ്രത്യക്ഷപ്പെടുകയും സത്യമാണെന്ന്  വ്യാപകമായ പ്രചരണം നല്‍കുകയും ചെയ്തു. വിശ്വാസവികാരങ്ങളെ വ്രണപ്പെടുത്തുകയും, വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയ കുഴപ്പമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.
 
പതിനേഴാം നൂറ്റാണ്ടിലെ പന്തളം രാജകുടുംബത്തിന്റേതെന്ന് അവകാശപ്പെട്ടാണ് ഈ ചെമ്പോല പ്രചരിപ്പിച്ചത്. പന്തളം രാജകുടുംബം ആ വാര്‍ത്ത നിഷേധിക്കുകയും ആ കാലയളവില്‍ ചെമ്പോലയോ അതില്‍ നല്‍കിയിട്ടുള്ള മുദ്രയോ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
 
ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പിന് ചുമതലയുണ്ട്.  അക്ഷന്തവ്യമായ അപരാധംമോണ്‍ സണ്‍ മാവുങ്കലും കൂട്ടരും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട എസ്.ച്ച്. ഒ ക്ക്  നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article