നേതൃമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. ഒരു കാരണവശാലും നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം വ്യക്തമാക്കി. നേതൃപദവികള്‍ സംബന്ധിച്ചു ലയനസമയത്തു ധാരണയുണ്ടാക്കിയതാണെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
വൈസ് ചെയര്‍മാന്‍ പദവിയില്‍ ഒഴിവ് വന്നതുകൊണ്ടുമാത്രമാണ് ആ സ്ഥാനത്ത് ജോസ് കെ.മാണിയെ നിയമിച്ചത്. അതിനപ്പുറത്തേക്കുള്ള ഒരു നേതൃമാറ്റവും പാര്‍ട്ടി ആലോച്ചിട്ടില്ലെന്നും മോന്‍സ് ജോസഫ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തിന് ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്ക് ആര് മുന്‍കൈയെടുക്കണമെന്ന കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. ഏതുമുന്നണിയില്‍ പോയാലും കൂടുതല്‍ ലോക്‌സഭാ സീറ്റുകളും നിയമസഭാസീറ്റുകളും ആവശ്യപ്പെടും. യുഡിഎഫിലായാലും എല്‍ഡിഎഫിലായാലും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിക്കുമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.