മൊബെൽ ടവർ സ്ഥാപിക്കുവാൻ പുതിയ വഴി കണ്ടെത്തിയ സ്വകാര്യ മൊബെൽ കമ്പനികളുടെ പദ്ധതി പൊളിഞ്ഞു. മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അനുയോജ്യമായ ബഹുനില കെട്ടിടം കണ്ടെത്തുകയും തുടർന്ന് കെട്ടിടത്തിന് മുകളിൽ വാട്ടർ ടാങ്ക് സംഘടിപ്പിച്ച് തുടർച്ചയായി ആദ്യദിവസങ്ങളിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വാട്ടർ ടാങ്ക് തന്നെയെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുക. തുടർന്ന് അടുത്ത ദിവസം ടാങ്കിനുള്ളിൽ ടവർ ഉപകരണങ്ങൾ സ്ഥാപിക്കുക. ഇതായിരുന്നു കമ്പനിയുടെ പദ്ധതി.
നിലവിൽ കേരളത്തിലാകെ നൂറുകണക്കിന് ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. സമാനമായ ടവർ കടവന്ത്രയിലും സ്ഥാപിക്കുന്നതിനിടെയാണ് കള്ളത്തരം പൊളിഞ്ഞത്. ടവർ സ്ഥാപിക്കുന്നതിനായുള്ള ഉപകരണങ്ങൾ കൊണ്ടുവന്ന ഓട്ടോ ഡ്രൈവറാണ് വിവരം നാട്ടുകാർക്ക് ചോർത്തിയത്. ഉപകരണങ്ങളും ഓട്ടോയും നാട്ടുകാർ തടഞ്ഞു വെച്ചു.
ഏത് സമയവും ഫോൺ വിളിക്കുന്ന നാട്ടുകാർ തന്നെ ഇതിനെതിരെ വന്നാൽ പിന്നെന്താണ് ചെയ്യുക എന്നാണ് മൊബൈൽ കമ്പനി ചോദിക്കുന്നത്. ടവർ സ്ഥാപിക്കുന്നതിനെതിരെ ജനപ്രക്ഷോഭം ഉണ്ടായതിനാലാണ് ഇങ്ങനൊരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.