ഫോണ്‍ കാണാതാവുന്ന സമയത്തോ എവിടെയങ്കിലും മറന്നു വയ്ക്കുമ്പോഴോ ആണ് സൈലന്റ് മോഡിനെ നമ്മള്‍ അറിയാതെ ശപിച്ച് പോകുന്നത്. സൈലന്റ് മോഡിലായ ഫോണ്‍ കണ്ടെത്താന്‍ ഒരു മാര്‍ഗവും ഇല്ലെന്ന് ഇനി കരുതേണ്ട. അതിന് ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് തൃശ്ശൂര്‍ മലബാര്‍ എന്‍ജിനിയറിംഗ് കോളജിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ കെജെ പ്രവീണ്‍, ആര്‍ റമീസ്, അമൃത സതീശന്‍, നിതിന പ്രകാശന്‍ എന്നിവര്‍.
സൈലന്റ് പ്രൊഫൈലിലുള്ള ഫോണിനെ ഓട്ടമാറ്റിക്കായി ജനറല്‍ മോഡിലോട്ടു മാറ്റാന്‍ സാധിക്കുമോ എന്ന ചോദ്യത്തില്‍ നിന്നാണു ട്രാക്കിയുടെ ആശയം വിരിയുന്നത്. വളരെ ലളിതമായ പ്രവര്‍ത്തന ശൈലിയാണു ഇതിന്റേത്. ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു നാലക്ക ഡിജിറ്റല്‍ പാസ്‌വേഡ് സെറ്റ് ചെയ്യാം. ഇത് ഉപയോഗിച്ചാണു ഫോണിന്റെ സെറ്റിംഗ്‌സ് മാറ്റുക. നമ്മുടെ ഫോണ്‍ കണ്ടുപിടിക്കണമെങ്കില്‍ മറ്റേതെങ്കിലും കമാന്‍ഡ് എസ്എംഎസ് ആയി അയക്കാം.
നാലക്ക പാസ് വേഡ് @കമാന്‍ഡ് എന്ന ഫോര്‍മാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്. സൈലന്റ് എന്നയയ്ക്കുകയാണെങ്കില്‍ ജനറലിലുള്ള ഫോണ്‍ സൈലന്റിലാകും. കൂടാതെ ലോക്ക് ചെയ്യാന്‍ മറുന്നു പോയെങ്കില്‍ ഫോണിലേക്കു പാസ് വേഡ്@ലോക്ക് എന്ന് എസ്എംഎസ് അയച്ചാല്‍ മതി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ട്രാക്കി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കാം എന്നതാണ് ട്രാക്കിയെ വ്യത്യസ്തമാക്കുന്നത്.