‘നാന്‍പെറ്റ മകന്‍’ എന്ന ചിത്രം എല്ലാവരും കാണണമെന്ന് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്; അന്വേഷണം എവിടെയായെന്ന് കമന്റുമായി അഭിമന്യുവിന്റെ അമ്മാവന്‍

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (11:44 IST)
അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാന്‍പെറ്റ മകന്‍’ എന്ന ചിത്രത്തെക്കുറിച്ച് മന്ത്രി എംഎം മണി എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ അന്വേഷണത്തെക്കുറിച്ച് ആകുലത പ്രകടിപ്പിച്ച് അഭിമന്യുവിന്റെ അമ്മാവന്‍. അഭിമന്യു മരിച്ച് ഒരുവര്‍ഷം ആകാറായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് ലോകന്‍ എംഎന്‍ആര്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റില്‍ പറയുന്നു. 
 
‘സാര്‍ ഞാന്‍ അഭിമന്യുവിന്റെ അമ്മാവനാണ്. മരിച്ചിട്ട് ഒരുവര്‍ഷം ആകാന്‍ പോകുവാ, ഇപ്പോഴും പ്രതികള്‍ ഒളിവിലാണ്. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടെവരയായി? ഞാന്‍ കേസ് അന്വേഷിക്കുന്ന പൊലീസുകാരെ മൊബൈലില്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. ഒരാൾ പോലും റെസ്‌പോണ്ടും ചെയ്യുന്നില്ല. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? സാറിന്റെടുത്ത് നിന്ന് നല്ല മറുപടി പ്രതീക്ഷിക്കുന്നു’-എന്നാണ് ലോകന്‍ കുറിച്ചിരിക്കുന്നത്. 
 
‘എറണാകുളം മഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാന്‍ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയിൽ‍. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓര്‍മ്മിക്കുന്നു. അവന്‍ സ്വപ്നം കണ്ടതുപോലെ തന്നെ വര്‍ഗ്ഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പര്‍ശിയാണ് ഈ സിനിമ. എല്ലാവര്‍ക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന നല്ല ഒരു കുടുംബചിത്രം കൂടിയാണ് ‘നാന്‍ പെറ്റ മകന്‍’എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കണം’- എം എം മണിയുടെ പോസ്റ്റ്.
 
ക്യാമ്പസ് ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കേസില്‍ അന്വേഷണം എങ്ങുമെത്താത്തതിന് എതിരെ അഭിമന്യുവിന്റെ കുടുംബവും രംഗത്തെത്തി. മുഴുവന്‍ പ്രതികളേയും ഇതുവരെയും പിടികൂടാനായിട്ടില്ലെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ പിതാവ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article