നടി വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്കം സമിതി ജനറല്‍ബോഡിക്ക് ശുപാര്‍ശ ചെയ്യുമെന്നും താരസംഘടനയായ അമ്മ അറിയിച്ചു. അതേസമയം ഷൈന്‍ എതിരായ ലഹരി ആരോപണത്തില്‍ നടി വിന്‍സി അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കില്ല. വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് സമീപിച്ചെങ്കിലും താല്‍പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.
അതേസമയം ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു. ഷൈന്‍ ടോം ചാക്കോ താമസിച്ച കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും എസിപി പറഞ്ഞു. ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ലഹരി വിതരണക്കാരനായ ഒരാളെ തേടിയായിരുന്നു പോലീസ് ഷൈന്‍ തങ്ങിയ ഹോട്ടലില്‍ എത്തിയത്.
ഇയാള്‍ ഷൈനിന്റെ മുറിയിലുണ്ടെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ഹോട്ടലില്‍ ഇയാളെ കണ്ടെത്താനായില്ല. ഷൈന്‍ മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിനു ശേഷമാണ്. പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. അതേസമയം പകല്‍ ഷൈനിന്റെ മുറിയില്‍ എത്തിയ രണ്ട് യുവതികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ലഹരി ഇടപാടുമായി യുവതികള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി.