സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. തോളിലിരുന്ന് കാത് കടിച്ച് തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസ്സുമായി കൂട്ട് കൂടുന്നതില്‍ ആര്‍ക്കും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്ഥാവന നടത്തിയതില്‍ എംഎം മണി മാപ്പ് പറയണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും മന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന് സിപിഐ ക്ക് തീരുമാനിക്കാമെന്നും എല്‍ഡിഎഫില്‍ നിന്നു പോയാല്‍ അത് സിപിഐക്ക് ക്ഷീണമാകുമെന്നും മണി പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിനെതിരെ ഇടതുമുന്നണി യോഗത്തില്‍ സിപിഐ യെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടേത് ശരിയായ തീരുമാനമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കിയത്.