പെൺവാണിഭ കേസിലെ പ്രതിയെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് അറസ്റ്റു ചെയ്തതിനെ തുടർന്ന് ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവരെ നിയമസഭാ സെക്രട്ടേറിയറ്റ് ഒഴിപ്പിച്ചു. നിയമസഭാ സെക്രട്ടറി ശാർങ്ധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നതും ഒഴിപ്പിക്കല്‍ നടപടിയെടുത്തതും.
എംഎൽഎ ഹോസ്റ്റലിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ശാർങ്ധരൻ പരിശോധനയ്ക്കായി എത്തിയത്. മുൻ എംഎൽഎമാർക്ക് അനുവദിച്ച മുറികൾ അദ്ദേഹം പരിശോധിച്ചു.
തുടര്‍ന്ന് അനധികൃതമായി കൈവശം വച്ചിരുന്ന അഞ്ച് മുറികൾ ഒഴിപ്പിക്കുകയും തുറക്കാൻ കഴിയാതിരുന്ന മുറികൾ മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. മുൻ എംഎൽഎമാരുടെ പേരിൽ അനധികൃതമായി താമസിച്ചവരുടെ പട്ടിക തയ്യാറാക്കാനും ശാർങ്ധരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.