പുനരധിവാസ കേന്ദ്രത്തില്‍നിന്നും പെണ്‍കുട്ടികള്‍ ചാടിപ്പോകുന്നത് ലോകപ്രതിഭാസമെന്ന് മന്ത്രി എംകെ മുനീര്‍. തിരുവനന്തപുരത്തെ നിര്‍ഭയകേന്ദ്രത്തില്‍ നിന്നും പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തിലാണ് മന്ത്രിയുടെ വിവാദപ്രതികരണം. നിര്‍ഭയ പദ്ധതിയില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സര്‍ക്കാരിന്റെ പൂര്‍ണ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ നിര്‍ഭയകേന്ദ്രത്തില്‍ നിന്നും ഓഗസ്‌റ്റ് അഞ്ചിന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി.
കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ തിരുനല്‍വേലിയില്‍ സ്‌ഥിരതാമസക്കാരിയാണ്. പെണ്‍കുട്ടി അമ്മയെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അധികൃതര്‍ സാഹചര്യമൊരുക്കി നല്‍കിയില്ല. ഇതേതുടര്‍ന്ന് സ്‌ക്കൂളില്‍ പോയ സമയത്ത് പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെയും ഒപ്പം കൂട്ടി ഒളിച്ചോടുകയായിരുന്നു.