മന്ത്രി കെ ബാബുവിനെതിരെ വി‌എം സുധീരന്‍

Webdunia
ചൊവ്വ, 27 മെയ് 2014 (13:28 IST)
കേരളത്തില്‍ ബാറുകള്‍ അടച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മന്ത്രി കെ. ബാബുവിന് കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. ബാറുകള്‍ അടച്ചതിനുശേഷം അബ്കാരി കേസുകള്‍ കൂടിയെന്ന ബാബുവിന്റെ അഭിപ്രായത്തിനാണ് സുധീരന്‍ മറുപടി പറഞ്ഞത്. 
 
അബ്കാരി കേസുകള്‍ കൂടുന്നത് ശുഭസൂചനയാണെന്നും ഇത് എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമതയാണ് കാണിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ബാറുകള്‍ അടച്ചതിനുശേഷം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് താന്‍ പറഞ്ഞതെന്നും സുധീരന്‍ പറഞ്ഞു.
 
ഈ വര്‍ഷം ഏപ്രിലില്‍ കേരളത്തില്‍ 1101 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.ബാബു പഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 96 കേസുകള്‍ കൂടുതലാണിത്. 418 ബാറുകള്‍ അടച്ചതോടെ സംസ്ഥാനത്ത് മദ്യവില്‍പന കൂടുകയാണുണ്ടായതെന്നും മന്ത്രി കെ. ബാബു പറഞ്ഞിരുന്നു.