തമസ്കരിക്കാം, വിമര്‍ശിക്കാം, പക്ഷേ, അപമാനിക്കരുത്; ആദിവാസികള്‍ക്കൊപ്പം കിടന്നുറങ്ങിയ എന്നെ അവര്‍ തന്നെ വിലയിരുത്തിക്കൊള്ളും; കാരണം ഞാനും അവരിലൊരാളാണ് - മന്ത്രി എ കെ ബാലന്‍

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (16:41 IST)
ആദിവാസി സമൂഹത്തിനു വേണ്ടി താന്‍ ആത്മാര്‍ത്ഥമായി ചെയ്ത പ്രവര്‍ത്തനങ്ങളെ തമസ്ക്കരിക്കാമെന്നും വിമര്‍ശിക്കാമെന്നും എന്നാല്‍ അപമാനിക്കരുതെന്നും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ജനനി സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രിയെത്തിയത്.
 
തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസിമേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്ത നങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചത്. ഒപ്പം വ്യക്തിപരമായി എന്നെ അപമാനിക്കാന്‍ വാര്‍ത്ത വക്രീകരിച്ച് കൊടുക്കുകയും ചെയ്തു. എന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കള്‍ പ്രതികരിക്കുന്നത് വേദനാജനകമാണെന്നും ബാലന്‍ എഫ് ബി പോസ്റ്റില്‍ പറയുന്നു.
 
മരണപ്പെട്ട മൂന്നു കുട്ടികളുടെ അമ്മമാര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഗര്‍ഭിണികളായവരാണെന്ന് പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന് കാരണമുണ്ടെന്നും ബാലന്‍ വ്യക്തമാക്കി. നാല് മാസത്തിനു മുമ്പ് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരാണ് ഈ മൂന്ന് ശിശുമരണത്തിന് ഉത്തരവാദി എന്ന ചോദ്യകര്‍ത്താവിന്റെ ദുഷ്‌ടലാക്കിനെ തുറന്നുകാട്ടാനാണ് അത് പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും എന്നാല്‍ അതിനെയും വക്രീകരിക്കുകയായിരുന്നെന്നും മന്ത്രി പറയുന്നു. തന്റെ ന്റെ പ്രസംഗത്തിന്റെ പൂര്ണ രൂപം നിയമസഭാ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ആര്‍ക്ക് വേണെങ്കിലും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
Next Article