യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദമായ മെത്രന്‍ കായലിലും ആറന്‍മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇരു സ്ഥലങ്ങളിലും കൃഷി ചെയ്യുന്നതിനായുള്ള വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷിമന്ത്രി സുനില്‍ കുമാര്‍ കൃഷിവകുപ്പിന് നിര്‍ദേശം നല്‍കി. ഈ മാസം 17നകം വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
400 ഏക്കറോളം വരുന്ന മെത്രാന്‍ കായലില്‍ കൃഷി ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമപരമായും സാങ്കേതിക പരമായുമുള്ള വശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി കൃഷി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷി ഇറക്കുമ്പോള്‍ നിയമപരമായും സാങ്കേതിക പരമായുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുനില്‍ കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആറന്‍മുളയില്‍ നികത്തപ്പെടാതെ കിടക്കുന്ന ഭൂമിയിലും കൃഷി പുനസ്ഥാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇവിടെ കൃഷി ഇറക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാഷ്‌ട്രീയ കക്ഷികള്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ തരിശായി കിടക്കുന്ന ഭൂമിയില്‍ സ്ഥലത്തിന്റെ ഉടമയുടെയും പ്രാദേശിക കൃഷിക്കാരുടെയും സഹായത്തോടെ കൂടുതല്‍ കൃഷി ഇറക്കുമെന്നും കൃഷിമന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി.