എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

രേണുക വേണു

ശനി, 22 മാര്‍ച്ച് 2025 (11:09 IST)
മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി കൊല്ലത്ത് യുവതി പിടിയില്‍. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് യുവതിയെ പിടികൂടാന്‍ സാധിച്ചത്. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്. 
 
കൊല്ലം നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് യുവതി ലഹരി കച്ചവടം നടത്തിയിരുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ വരെ തന്റെ കസ്റ്റമേഴ്‌സ് ആണെന്ന് യുവതി പൊലീസിനോടു വെളിപ്പെടുത്തി. കര്‍ണാടകയില്‍ നിന്നാണ് യുവതിക്ക് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചിരുന്നത്. 
 
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതിയുടെ കാര്‍ കണ്ടു. പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടു പോയി. ആല്‍ത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വൈദ്യപരിശോധനയില്‍ യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍