കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ദേഹത്ത് നിന്നും ലഭിച്ചത് 12 വെടിയുണ്ടകള്‍; ഏറ്റവും കൂടുതല്‍ വെടിയേറ്റത് അജിതയ്ക്ക്, നേതാക്കളെ കണ്ടയുടനെ പൊലീസ് വെടിവെച്ചതാകാമെന്ന് നിഗമനം

Webdunia
ഞായര്‍, 27 നവം‌ബര്‍ 2016 (10:17 IST)
കഴിഞ്ഞദിവസം നിലമ്പൂര്‍ കരുളാ‍യി വനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ദേഹത്ത് വെടിയേറ്റതിന്റെ 26 മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളില്‍ നിന്ന് പന്ത്രണ്ട് വെടിയുണ്ടകള്‍ പുറത്തെടുത്തു. എറ്റവും കൂടുതല്‍ വെടിയേറ്റിരിക്കുന്നത് അജിതയ്ക്കാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. പത്തൊന്‍പതു വെടിയുണ്ടകളാണ് അജിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. ശരീരത്തിൽ നിന്ന് കിട്ടിയതാകട്ടെ അഞ്ചു തിരകളും. 14 തിരകൾ ദേഹം തുളച്ച് പുറത്തു പോയി.
 
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്തിമമായി തയാറാക്കും മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രത്യേകയോഗം ചേരും. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴ് മുറിവുകളുണ്ട്. നാലു വെടിയുണ്ടകൾ ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോയി. പല അകലങ്ങളില്‍ നിന്ന് പൊലീസ് വെടിവച്ചതാണെന്ന നിഗമനത്തിലാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ. 
 
കൊല്ലപ്പെട്ട എല്ലാവരുടെയും ശരീരത്തിന്റെ മുന്‍ഭാഗങ്ങളിലാണ് വെടിയേറ്റിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് മുമ്പ് ബാലിസ്റ്റിക് വിദഗ്ധരും മൃതദേഹങ്ങൾ പരിശോധിച്ചിരുന്നു. മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള അകലം മുപ്പതു മീറ്ററെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്നാണ് അവരുടെ നിഗമനം. മർദനത്തിന്റേയോ മൽപിടുത്തത്തിന്റേയോ ലക്ഷണങ്ങള്‍ ശരീരത്ത് കാണാനില്ല. മാവോയിസ്റ്റ് നേതാക്കളെ കണ്ട ഉടനെ പൊലീസ് വെടിവച്ചിരിക്കാമെന്നാണ് മുറിവുകൾ വിലയിരുത്തിയവരുടെ നിഗമനം.  
 
പോസ്റ്റ്മോർട്ടത്തിന്റെ അന്തിമറിപ്പോർട്ട് തയാറാകാൻ രണ്ടു ദിവസമെടുക്കും. മൃതദേഹം മെഡിക്കല്‍ കോളജില് സൂക്ഷിക്കും‍. തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നടപടിയില്‍ സംശയമുള്ളതിനാലാണ് മൃതദേഹം സൂക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ തുടർ നടപടികൾ സ്വീകരിക്കുക.
Next Article