വയനാട്ടില്‍ ചിട്ടി തട്ടിപ്പ്: മാരുതി ജനക്ഷേമ ചിട്ടി ഉടമകള്‍ മുങ്ങി; സ്വത്ത് കണ്ടുകെട്ടണമെന്ന ആവശ്യവുമായി ഉപഭോക്താക്കള്‍

വെള്ളി, 26 ഓഗസ്റ്റ് 2016 (08:55 IST)
ജില്ലയില്‍ ചിട്ടി നടത്തി കോടികള്‍ തട്ടിയെടുത്ത് മാരുതി ജനക്ഷേമ ചിട്ടി ഉടമകള്‍ മുങ്ങി. 10,000 മുതല്‍ 25 ലക്ഷം വരെ രൂപയാണ് പലര്‍ക്കായി നഷ്ടപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ഒട്ടേറെ പേരെ ചെക്, രസീത് എന്നിവ നല്‍കി പറ്റിച്ചിട്ടും ചിട്ടി പൂര്‍ത്തിയായിട്ടും പണം നല്‍കാതെ കബളിപ്പിച്ചിട്ടും അധികൃതര്‍ ഇടപെട്ടിട്ടില്ല. കമ്പനി അടച്ചുപൂട്ടിയതറിയാതെ പലരും ഇപ്പോഴും പണം അടച്ചുകൊണ്ടിരിക്കുന്നുണ്ട്. 
 
സംഭവത്തില്‍ വടകര സ്വദേശിയായ മാനേജിങ് ഡയറക്ടര്‍ സുശീല്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും മണിയങ്കോട് സ്വദേശി പ്രദീപ്കുമാര്‍, ഒപി. പുഷ്പരാജ് എന്നിവര്‍ ഇപ്പോഴും പിടികൊടുക്കാതെ നടക്കുകയാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.  
 
10 കോടിയോളം രൂപയാണ് ജില്ലയില്‍ ചിട്ടി ഗുണഭോക്താക്കള്‍ക്ക് ലഭിക്കാനുള്ളത്. കല്‍പറ്റ കേന്ദ്രീകരിച്ച് അയല്‍സംസ്ഥാനങ്ങളിലും കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനം, അവാര്‍ഡ് നല്‍കല്‍ തുടങ്ങിയവയിലൂടെ ആളുകളെ സ്വാധീനിച്ചാണ് പലപേരിലും ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത്. 
 
കല്‍പറ്റയിലെ ഹെഡ് ഓഫിസ് പൂട്ടി സീല്‍ ചെയ്‌തെങ്കിലും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. കല്‍പറ്റ പൊലീസ് കോളനിയിലെ വീട് പൂട്ടി പുഷ്പരാജ് സ്ഥലംവിട്ടു. ഈ സാഹചര്യത്തില്‍ ചിട്ടിക്കമ്പനിയുടെ ആസ്തി കണ്ടുകെട്ടി നഷ്ടപ്പെട്ടവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കമെന്നാണ് ഇരകളുടെ ആവശ്യം. 

വെബ്ദുനിയ വായിക്കുക