പരിപ്പ്, പയര്‍ വര്‍ഗങ്ങളുടെ വില കുതിച്ചുയര്‍ന്നതൊടെ കൈപൊള്ളിയ സര്‍ക്കാര്‍ വിപണിയി, ഇടപെടാന്‍ ഒരുങ്ങുന്നു. പരിപ്പിന് അഖിലേന്ത്യാ തലത്തിലുള്ള വില വര്‍ധനയാണ് കേരളത്തെയും ബാധിക്കുന്നത്. കേരളത്തില്‍ 160-170 നിരക്കിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. എന്നാല്‍ ഇത് പഴയ സ്റ്റോക്ക് ഉള്ളതിനാലാണെന്നും അത് കഴിഞ്ഞാല്‍ വില എത്രയാകുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു.
130 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില ഇപ്പോള്‍ 170 രൂപയാണ്. ചെറുപയര്‍ നാടന്‍ 110 രൂപയ്ക്കാണ് വില്‍ക്കുന്നത്. പുറമേ നിന്ന് കൊണ്ടുവരുന്നതിന് കിലോയ്ക്ക് 97 രൂപ നല്‍കിയാല്‍ മതി. 70-80 രൂപയില്‍ നിന്നാണ് ഇതിന്റെ വര്‍ധന. അന്യ സംസ്ഥാനക്കാരുടെ പ്രിയ വിഭവമായ മസ്തൂര്‍ പരിപ്പ് 46 രൂപയില്‍ നിന്ന് 90 രൂപയായി. അന്യ സംസ്ഥാനങ്ങളിലെ പൂഴ്ത്തിവെപ്പാണ് വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുവരപ്പരിപ്പ് ഏറെയും കേരളത്തിലേക്കെത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.
വിലവര്‍ധന തടയാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സിവില്‍ സപ്ലൈസില്‍ 60 രൂപയ്ക്കാണ് ഒരു കിലോ പരിപ്പ് വില്‍ക്കുന്നത്. ഒരു കിലോയേക്കാള്‍ കൂടിയ അളവില്‍ ഇത് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനായി കൂടിയ അളവില്‍ പരിപ്പ് വാങ്ങണം. സപ്ലൈകോയ്ക്ക് കൂടുതല്‍ ഫണ്ട് നല്‍കി ഈ പ്രശ്‌നം പരിഹരിക്കും. പരിപ്പ് സമാഹരിക്കുന്നതിന് പുതിയ ടെന്‍ഡര്‍ ഉടന്‍ വിളിക്കും.
കേന്ദ്രസര്‍ക്കാര്‍ പരിപ്പ് ഇറക്കുമതി ചെയ്യുന്നതായാണ് വിവരം. ഇതില്‍ നിന്നൊരു വിഹിതം കേരളത്തിന് നല്‍കാന്‍ ആവശ്യപ്പെടും. പൂഴ്ത്തിവെപ്പാണ് പലപ്പോഴും അമിത വിലവര്‍ധനയ്ക്ക് കാരണം. വരും ദിവസങ്ങളില്‍ വിപണന കേന്ദ്രങ്ങളിലും സംഭരണ ശാലകളിലുമെല്ലാം റെയ്ഡിന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിപണന കേന്ദ്രങ്ങളില്‍ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.