മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ സുരേന്ദ്രന്‍ അടയ്ക്കണം

Webdunia
വെള്ളി, 21 ജൂണ്‍ 2019 (15:32 IST)
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും സുരേന്ദ്രന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
 
അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ. സുരേന്ദ്രന്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹര്‍ജി പിന്‍വലിച്ചതിനാല്‍ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ്. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആാേപണം.
 
കേസിലെ സാക്ഷികളായ മുഴുവന്‍ ആളുകളെയും ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ജസ്റ്റിസ് സുനില്‍ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
 
ഹൈക്കോടതി നടപടികള്‍ ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഇതോടെ ഒഴിവുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പാല, എറണാകുളം, അരൂര്‍, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കുക. കെ. മുരളീധരന്‍ വിജയിച്ച വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിന് തടസമായി നില്‍ക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article