ഇടതുമുന്നണിക്ക് ധനമന്ത്രി കെ എം മാണിയെ വേണ്ടെന്നും എന്നാൽ എം.പി. വീരേന്ദ്രകുമാറിനു താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടാമെന്നും മുന്നണിയിലേക്കു തിരിച്ചുവരാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎം ചർച്ച നടത്തിയിട്ടില്ലെന്നും പി.സി. ജോർജിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം തുടരും. അന്തിമരൂപം തിങ്കളാഴ്ച എൽഡിഎഫ് തീരുമാനിക്കുമെന്നും വിശ്വൻ കൂട്ടിച്ചേർത്തു. അതേസമയം എം പി വീരേന്ദ്ര കുമാറിന് ഇടതുപക്ഷത്തേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വരാമെന്ന് വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ട്. ഇവർ തിരിച്ചുവരുന്നതിനെ എതിർക്കില്ല.
ഒരു ഘട്ടത്തിൽ ധനമന്ത്രി കെ.എം. മാണി ഇടതു മുന്നണിയിൽ ചേരാൻ തീരുമാനിച്ചിരുന്നുവെന്നായിരുന്നു പി.സി. ജോർജിന്റെ പ്രസ്താവന. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കം. ഇതിനായി ഇടനില നിന്നതു താനായിരുന്നു. ഇതു നേരിടാന്‍ മുഖ്യമന്ത്രി കൊണ്ടുവന്നാണ് ബാര്‍ കോഴ ആരോപണമെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.