മാണിയും ജോസഫും രാജി വയ്ക്കും, മന്ത്രിസഭയെ പുറത്തു നിന്ന് ‘താങ്ങും‘

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (12:26 IST)
ബാര്‍ കോഴയില്‍ അപ്രതീക്ഷിത തിരിച്ചടി കിട്ടിയതിനേ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) യു‌ഡി‌എഫ് മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സൂചന. മന്ത്രിമാരായ മാണിയും ജോസഫും രാജി സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മാണിക്കെതിരായ ഗൂഡാലോചന മന്ത്രിസഭയ്ക്കുള്ളില്‍ തന്നേയാണ് രൂപപ്പെട്ടത് എന്ന ശക്തമായ വികാരമാണ് കേരള കോണ്‍ഗ്രസിനുള്ളത്.

ഒന്നിലേറെ മന്ത്രിമാര്‍ അടക്കം ഇടപാട് നടത്തിയ ബാര്‍ കോഴ കേസില്‍ കേസില്‍ കെഎം മാണിയെ മാത്രം കുറ്റക്കാരനാക്കാന്‍ നടത്തിയ ഗൂഡാലോചനയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മാണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. അതിനാല്‍ മന്ത്രിസഭയില്‍ നിന്ന് മാറി നിന്ന് സര്‍ക്കാരിന് പ്രശ്നാധിഷ്ടിത പിന്തുണ നല്‍കുക എന്ന തന്ത്രമാണ് പാര്‍ട്ടി ഇനി സ്വീകരിച്ചേക്കുക എന്ന് സൂചനകളുണ്ട്.

മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ രാജി സന്നദ്ധത നേരത്തെ അറിയിച്ചാല്‍ പ്രതിപക്ഷ പ്രതിഷേധം കുറയ്ക്കാമെന്നും അവര്‍ കരുതുന്നു. ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മാണി ഇപ്പോള്‍ ഡല്‍ഹിയിലാണ്. യോഗം കഴിഞ്ഞ് വരുമ്പോള്‍ രാജിക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒന്നിലധികം മന്ത്രിമാര്‍ ഇപ്പോള്‍ ഉള്ളതുകൊണ്ട് എടുത്ത് പിടിച്ചൊരു രാജിയുടെ ആവശ്യം ഇല്ല എന്നു വാദിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ട്. അതിനാല്‍ പിജെ ജോസഫിന്റെ നിലപാട് കൂടി മനസ്സിലാക്കിയ ശേഷം രാജി വയ്ച്ചേക്കും. ഇരുവരും രാജി വയ്ക്കണമെന്നാണ് മാണി പക്ഷത്തിന്റെ തീരുമാനം.

മറ്റ് മന്ത്രിമാര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടും മാണിക്കെതിരേ മാത്രം കോഴ വിവാദം ഉയര്‍ത്തിയത് മന്ത്രിസഭയില്‍ പുതിയ കൂറുമുന്നണി ഉണ്ടാക്കാനാണ് എന്ന് ഇവര്‍ വിശ്വസിക്കുന്നു. മാണിയുടെ അടുപ്പക്കാരനായ മുഖ്യമന്ത്രിയെ അട്ടിമറിക്കാനും പകരം ഐ ഗ്രൂപ്പ്‌കാരനായ ആഭ്യന്തര മന്ത്രി ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസിനകത്തു തന്നെയുള്ള പടലപ്പിണക്കമാണ് ഇപ്പോഴത്തെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി അനുകൂലികള്‍ കരുതുന്നു.

50 വര്‍ഷം നീണ്ട് നിന്ന തന്റെ പൊതു ജീവിതത്തിനെ കളങ്കപ്പെടുത്തുന്ന ആദ്യത്തെ സംഭവമായതിനാല്‍ മാണിയും രോഷത്തിലാണ്. 20 കോടി രൂപ പല മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമായി വീതിച്ചതായി ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പറയാതെ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചതില്‍ ഗൂഡാലോചനയുണ്ടെന്ന നിലപാടിലാണ് മാണി.  ചെന്നിത്തലയുടെ വിശ്വസ്ത സേവകനായ അടൂര്‍ പ്രകാശും ബിജു രമേശും തമ്മിലുള്ള ബന്ധം ഈ സംശയത്തിന് ബലം നല്‍കുകയും ചെയ്യുന്നു.

ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതിന് തടസമായി നില്‍ക്കുന്നത് മാണിയും ഉമ്മന്‍ ചാണ്ടിയുമാണ്. നിലവില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും മാണിക്കെതിരെ അവസരം വീണുകിട്ടിയത് ഇപ്പോളാണ്. ഇതിനു പിന്നില്‍ ചെന്നിത്തല- പി‌സി ജോര്‍ജ് കൂറുമുന്നണിയാണെന്നും മാണി വിഭാഗത്തിന് സംശയമുണ്ട്. അഴിമതി ആരോപണ വിധേയനായതിനാല്‍ മാണിയെ ഇടതുപക്ഷത്തില്‍ സ്വീകരിക്കുന്നത് അച്യുതാനന്ദന്‍ എതിര്‍ക്കുമെന്ന് കണക്കാക്കിയാണ് ഇ നീക്കം നടത്തിയത്.

മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍‌വലിച്ച് ഇടതിനെ അധികാ‍രത്തില്‍ എത്തിക്കുന്നത് തടയുക എന്നതും ചെന്നിത്തലയെ മുഖ്യമന്ത്രിയാകണമെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ കൂടി വേണമെന്നുള്ളതും കൂട്ടി വായിക്കുമ്പോള്‍ വളരെ ആസൂത്രിതമായ നാടകമാണ് ബാര്‍ കോഴ എന്ന് വെളിപ്പെടുന്നു. അതിനാല്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കും. അതിന് ശേഷം തക്കതായ സമയത്ത് ഭരണത്തെ അട്ടിമറിച്ച് മറുപക്ഷത്തേക്ക് നീങ്ങാമെന്നാണ് തീരുമാനം. എന്നാല്‍ ഇത് തടയാന്‍ സിപി‌ഐയെക്കൊണ്ട് മാണിക്കെതിരെ നിലപാട് എടുപ്പിക്കാന്‍ കൂറുമുന്നണിക്ക് കഴിഞ്ഞിട്ടൂണ്ട്. അതിനാല്‍ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഈ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.