മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 1175 പോളിങ് കേന്ദ്രങ്ങളിലേക്കായി പതിമൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാരാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുക. 4200 പേരെയാണ് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നാലു കമ്പനി കേന്ദ്രസേന മണ്ഡലത്തില്‍ ഉണ്ടാകും.
രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ പാണക്കാട് സികെഎംഎംഎ എല്‍പി സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വോട്ട് രേഖപ്പെടുത്തി. നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് ശിഹാബ് തങ്ങൾ പറഞ്ഞു.
പോളിങ് ശതമാനം ഇത്തവണ വര്‍ധിക്കും. ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നല്ല പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എത്ര നല്ല പ്രവര്‍ത്തനം അവര്‍ നടത്തിയാലും വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.