ലയനത്തിനു സമയമായില്ല പോലും!

Webdunia
ചൊവ്വ, 20 മെയ് 2014 (12:32 IST)
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ ലയനത്തിനുള്ള സമയം ആയിട്ടീല്ലെന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. സിപിഐ മുഖപത്രത്തില്‍ സിപിഎം-സിപിഐ ലയനം ആവശ്യപ്പെട്ട്‌ വന്ന മുഖപ്രസംഗത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയമായി എന്നാല്‍ ലയന സാധ്യതകള്‍ ഇപ്പോള്‍ പരിശോധിക്കേണ്ട സംയം ആയിട്ടില്ല. വൈകാരികമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി.

പാര്‍ട്ടി പിളര്‍ന്ന സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌ പത്രത്തിലെ മുഖപ്രസംഗം വിവാഹമോചനത്തിന്‌ ശേഷം വീണ്ടും ഒന്നിക്കണമെന്ന്‌ പരസ്യമായി പറയുന്നതു പോലെയാണ്‌ ലേഖനമെന്നും ബേബി പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ എംഎല്‍എ സ്‌ഥാനം രാജിവെക്കാനൊരുങ്ങുന്നെന്ന വാര്‍ത്തയോട്‌ ബേബി പ്രതികരിച്ചില്ല. വാര്‍ത്ത നിഷേധിക്കാതിരുന്ന ബേബി ഇത്‌ മാധ്യമ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്‌ പ്രതികരിച്ചത്‌.