താന്‍ രാഷ്രീയ പക പോക്കലിന്റെ ഇരയെന്ന് സ്‌ത്രീ പീഡനക്കേസില്‍ അറസ്‌റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദത്തെ തുടര്‍ന്നാണ് ഈ അറസ്‌റ്റ്. കേസ് രാഷ്ട്രീയ പ്രേരിതമായി ചുമത്തപ്പെട്ടതാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചയുടെ ഇരയാണ് താനെന്നും വിന്‍സന്റ് പറഞ്ഞു.
ഇത്തരം കേസുകളിൽ ആരും രാജിവച്ച ചരിത്രമില്ലെന്നും അതിനാൽ താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. ഇന്ന് മുതൽ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം തുടങ്ങുകയാണ്. കേസിൽ താൻ നിരപരാധിയാണെന്നും വിൻസന്റ് എംഎൽഎ പ്രതികരിച്ചു.
വടക്കാഞ്ചേരി പീഡനക്കേസിൽ യുവതിയുടെ മൊഴിയുണ്ടായിട്ടും സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്യാത്ത പൊലീസിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണിതെന്നും നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ നിന്നും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോകവെ എംഎല്‍എ വ്യക്തമാക്കി.
സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടുമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും സർക്കാർ കർക്കശമായി നേരിടും. നിയമത്തിനു മുന്നിലെത്തിച്ച് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.